This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍

Concentration Camps

തടന്നല്‍ പാളയങ്ങള്‍. ഗവണ്‍മെന്റ്‌ ആളുകളെ കൂട്ടത്തോടെ അറസ്റ്റുചെയ്‌തു വിചാരണ കൂടാതെ തടവുകാരാക്കി പാര്‍പ്പിക്കുന്ന (താത്‌കാലിക കേന്ദ്രങ്ങള്‍) സ്ഥലങ്ങളാണ്‌ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍. ഭരണാധിപന്മാരുടെ ഉത്തരവു മുഖേനയോ സൈനിക-ഉത്തരവു മുഖേനയോ ആണ്‌ ആളുകള്‍ ഈ ക്യാമ്പുകളില്‍ അടയ്‌ക്കപ്പെടുക. ഇവര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കാറില്ല. യുദ്ധനിയമങ്ങളനുസരിച്ച്‌ തടവിലാക്കപ്പെടുന്ന യുദ്ധത്തടവുകാരെ സൂക്ഷിക്കുന്ന തടന്നല്‍ പാളയങ്ങളില്‍നിന്നും സാധാരണ സിവില്‍-ക്രിമിനല്‍ നിയമങ്ങളനുസരിച്ചു ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ അടയ്‌ക്കുന്ന തടവറകളില്‍നിന്നും വ്യത്യസ്‌തമാണ്‌ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍. കമ്പിവേലികൊണ്ടു ചുറ്റപ്പെട്ട ടെന്റുകളോ ബാരക്കുകളോ ആണ്‌ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായി ഉപയോഗിക്കുന്നത്‌. സാധാരണ ജയിലുകളില്‍നിന്നു വ്യത്യസ്‌തമായി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടയ്‌ക്കപ്പെടുന്നവര്‍ക്കു മാനുഷികാവകാശങ്ങള്‍ നിഷേധിച്ചിരിക്കും. ഇവരുടെ വിമോചനത്തിനു നിര്‍ദിഷ്‌ട ഉപാധികളുണ്ടായിരിക്കുകയുമില്ല. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെത്തുന്നവര്‍ മനുഷ്യത്വരഹിതമായ മര്‍ദനമുറകള്‍ അനുഭവിക്കേണ്ടിവരാറുണ്ട്‌.

വിവിധ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ്‌ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കാറുള്ളത്‌. അടിയന്തിരാവസ്ഥയിലോ ആളുകളെ കൂട്ടമായി തടന്നലില്‍ പാര്‍പ്പിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലോ ആണു പാശ്ചാത്യരാഷ്‌ട്രങ്ങള്‍ ഈ ക്യാമ്പുകള്‍ സ്ഥാപിക്കുന്നത്‌. ഏകകക്ഷിമേധാവിത്വമുള്ള രാഷ്‌ട്രങ്ങളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്‌ ഗവണ്‍മെന്റിന്റെ അവശ്യഘടകങ്ങളില്‍ ഒന്നാണ്‌. ജനങ്ങളില്‍ ഭീതി പരത്തുന്നതിനും തടവുകാരെ പ്രത്യേക രീതിയില്‍ ചൂഷണം ചെയ്യുന്നതിനും വേണ്ടി ചില രാഷ്‌ട്രങ്ങളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കാറുണ്ട്‌. കൂട്ടക്കൊല നടത്തുന്നതിനുള്ള ഒരു സന്നേതമായാണ്‌ ജര്‍മനിയില്‍ നാസികള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിച്ചത്‌.

സൈനിക കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍. സമര ഘട്ടങ്ങളില്‍ സിവിലിയന്‍ ജനതയെ കൂട്ടത്തോടെ തടന്നലില്‍ വയ്‌ക്കാറുണ്ട്‌. ശത്രുപക്ഷത്തോടു ചേരുന്നതു തടയാനും ഗറില്ലായുദ്ധമുറ നേരിടാനും വേണ്ടിയാണ്‌ സിവിലിയന്‍ ജനതയെ ഇങ്ങനെ തടന്നലില്‍ പാര്‍പ്പിക്കുന്നത്‌. 1896-ലാണ്‌ ആദ്യമായി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കപ്പെട്ടത്‌. 1895-ല്‍ ക്യൂബന്‍ ലഹള അമര്‍ച്ചചെയ്യുന്നതില്‍ ആര്‍സെനിയോ മാര്‍ട്ടിനെസ്‌ ദെ കാമ്പോസ്‌ പരാജയപ്പെട്ടതോടെ സ്‌പാനിഷ്‌ ഗവണ്‍മെന്റ്‌ സേനയുടെ കമാന്‍ഡറായി വലേറിയാനോ വെയ്‌ലെര്‍ ഉ നിക്കോളയെ നിയോഗിച്ചു. 1896 ഒ. 21-ന്‌ പുറപ്പെടുവിച്ച ഉത്തരവിലൂടെ വെയ്‌ലര്‍, സ്‌ത്രീകളും കുട്ടികളുമടക്കം ക്യൂബയിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്നിറക്കി ക്യാമ്പുകളിലെത്തിച്ചു. സ്‌പാനിഷ്‌ ഭടന്മാരുടെ കാവലില്‍ കമ്പിവേലികൊണ്ടു ചുറ്റപ്പെട്ട ക്യാമ്പുകളില്‍ അടയ്‌ക്കപ്പെട്ട ക്യൂബക്കാര്‍ക്കു ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഭക്ഷണമോ പാര്‍പ്പിട സൗകര്യങ്ങളോ നല്‌കിയില്ല. മനുഷ്യത്വരഹിതമായ ഈ യുദ്ധമുറയ്‌ക്കെതിരായി യു.എസ്സിലും സ്‌പെയിനിലും പൊതുജനാഭിപ്രായം ഉയര്‍ന്നതോടെ വെയ്‌ലെര്‍ തിരിച്ചു വിളിക്കപ്പെട്ടു. വെയ്‌ലെറുടെ പിന്‍ഗാമിയായി വന്ന ജനറല്‍ റാമോന്‍ ബ്ലാങ്കോ ഉ എറെനാസ്‌ ക്യാമ്പുകള്‍ നിര്‍ത്തല്‍ ചെയ്‌തു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ബോയെര്‍ യുദ്ധത്തില്‍ (1900-02) ബോയെര്‍ പൗരാവലിയെ അടിച്ചമര്‍ത്തുന്നതിനുവേണ്ടി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചിരുന്നു. 1900 ഡി. 27-ലെ ഉത്തരവിലൂടെ ബ്രിട്ടീഷ്‌ കമാന്‍ഡറായിരുന്ന ഹൊറേഷ്യോ ഹെര്‍ബെര്‍ട്ട്‌ കിച്ചെനെര്‍ നിരവധി ക്യാമ്പുകള്‍ സ്ഥാപിച്ചു. 1902 ഫെബ്രുവരിയില്‍ 46 സ്ഥലങ്ങളിലായി 1,17,000 ബോയെര്‍ വംശജര്‍ തടന്നലിലാക്കപ്പെട്ടു. അനാരോഗ്യകരമായ ജീവിതസാഹചര്യങ്ങളും പട്ടിണിയും മൂലം തടവുകാരില്‍ ഭൂരിഭാഗവും രോഗികളായി. ഏതാണ്ട്‌ 25,000 ആളുകള്‍ ഇവിടെ ഇത്തരത്തില്‍ മരിക്കുകയുണ്ടായി.

ബഹുജനപ്രക്ഷോഭണങ്ങള്‍ തടയുന്നതിനുവേണ്ടി ആധുനികകാലത്തു മിക്ക രാഷ്‌ട്രങ്ങളും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കാറുണ്ട്‌. രണ്ടാം ലോകയുദ്ധകാലത്തു (1942) യു.എസ്സിലെ പസിഫിക്‌ തീരപ്രദേശങ്ങളില്‍ വസിച്ചിരുന്ന ജാപ്പനീസ്‌ വംശപരമ്പരയില്‍പ്പെട്ട 1,10,000-ത്തോളം ആളുകളെ ഉള്‍പ്രദേശങ്ങളിലുള്ള 10 റിലൊക്കേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വെസ്റ്റേണ്‍ ഡിഫന്‍സ്‌ കമാന്‍ഡിലെ ജനറല്‍ ജോണ്‍ എല്‍.ഡി.വിറ്റിന്റെ അഭ്യര്‍ഥനപ്രകാരമാണ്‌ ഗവണ്‍മെന്റ്‌ ഇതിന്‌ അംഗീകാരം നല്‍കിയത്‌.

1950-ല്‍ കെനിയയില്‍ കിക്കുയു ഗോത്രക്കാര്‍ നടത്തിയ "മാവു മാവു' ലഹളക്കിടയില്‍ വിപ്ലവകാരികളെ സഹായിക്കുന്നുവെന്നു സംശയിക്കപ്പെട്ടവരെ തടന്നലില്‍ വയ്‌ക്കുന്നതിനുവേണ്ടി ബ്രിട്ടീഷ്‌ ജനറല്‍ ആയിരുന്ന സര്‍ ജോര്‍ജ്‌ എഴ്‌സ്‌കിന്‍, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. 80,000 കിക്കുയുകളെ ഇങ്ങനെ തടന്നലില്‍ പാര്‍പ്പിക്കുകയുണ്ടായി. 1959 ഫെബ്രുവരിക്കുമുമ്പ്‌ ഇതില്‍ 1,100 പേരൊഴികെ ബാക്കി എല്ലാവരെയും വിട്ടയച്ചു.

സോവിയറ്റു ശുദ്ധീകരണ തൊഴില്‍ താവളങ്ങളില്‍ ജോലിചെയ്യുന്ന തടവുകാര്‍

സോവിയറ്റു ശുദ്ധീകരണ തൊഴില്‍ താവളങ്ങള്‍ (Corrective Labour Camps). സാര്‍ ഭരണകാലത്തു രാഷ്‌ട്രീയത്തടവുകാരെ ശീതദേശങ്ങളിലുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരുന്നു. കഠിനാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്ന ഈ തടവ്‌ "കതോര്‍ഗ' എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. കമ്യൂണിസ്റ്റു വിപ്ലവത്തിനുശേഷം ഈ ക്യാമ്പുകള്‍ക്ക്‌ ശുദ്ധീകരണ തൊഴില്‍ താവളങ്ങള്‍ എന്ന പേര്‌ ലഭിച്ചു. ബോള്‍ഷെവിക്‌ വിപ്ലവത്തിനു തൊട്ടടുത്ത കാലങ്ങളില്‍ വര്‍ഗശത്രുക്കളെ വൈറ്റ്‌ സീ പ്രദേശത്തുള്ള സോളോവെത്‌സ്‌കി ദ്വീപുകളിലേക്കാണു കടത്തിയിരുന്നത്‌. 1923-ല്‍ റഷ്യയുടെ വിവിധ ഭാഗങ്ങളിലായി 23 ശുദ്ധീകരണ തൊഴില്‍ താവളങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട്‌ ഈ താവളങ്ങളുടെ നിയന്ത്രണത്തിനും മറ്റും വ്യവസ്ഥാപിത നിയമ-ഭരണ സംവിധാനങ്ങളുണ്ടായി. ക്രിമിനല്‍ കോഡിലെ 58,59 അനുച്ഛേദങ്ങളില്‍ രാഷ്‌ട്രത്തിനെതിരായ കുറ്റങ്ങള്‍ ഏതൊക്കെയെന്നും അതിനുള്ള ശിക്ഷയെന്തെന്നും വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു ശിക്ഷ ശുദ്ധീകരണ തൊഴില്‍ താവളങ്ങളിലെ തടന്നല്‍ ആയിരുന്നു. 1930-40-കളില്‍ ഏതാണ്ട്‌ 50 ലക്ഷം പേര്‍ ശുദ്ധീകരണ തൊഴില്‍ താവളങ്ങളില്‍ അടയ്‌ക്കപ്പെട്ടു. താവളങ്ങളുടെ ചുമതല ആദ്യകാലങ്ങളില്‍ സോവിയറ്റ്‌ സ്റ്റേറ്റ്‌ പൊലീസില്‍ നിക്ഷിപ്‌തമായിരുന്നു. വിചാരണ കൂടാതെ തടവുകാരെ താവളങ്ങളില്‍ എത്തിക്കുന്നതിനുള്ള ചുമതല നിര്‍വഹിച്ചിരുന്നത്‌ "ചേകാ' (Cheka-All Russia Extra-ordinary Commission for Repression of Counter-Revolution and Sabotage) എന്ന ഏജന്‍സി ആയിരുന്നു. 1923-ല്‍ ഇതിന്റെ പേര്‌ OGPU(United General Political Administration) എന്നാക്കി മാറ്റുകയുണ്ടായി. 1930-കളില്‍ ക്യാമ്പുകളില്‍ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന്‌ OGPU വിന്റെ കീഴില്‍ GULAG (Central Administration for Corrective Labour Camps and Colonies)എന്ന പേരില്‍ പ്രത്യേക വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. 1934-ല്‍ ഈ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ NKVD (Peoples Commissariat of Internal Affairs) ഏറ്റെടുത്തു. അതിനുശേഷം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ നടത്തിപ്പിനുവേണ്ടി പ്രത്യേകസേന സംവിധാനം ചെയ്യപ്പെട്ടു.

1940-കളുടെ അവസാനത്തില്‍ സോവിയറ്റ്‌ യൂണിയനില്‍ അഞ്ചു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്‌ കോംപ്ലക്‌സുകളുണ്ടായിരുന്നു: (1) ദാല്‍സ്‌ട്രായ്‌ (2) തായ്‌ഷെറ്റ്‌ കോംസൊമോല്‍സ്‌ക്‌; ക്‌ളസ്റ്റര്‍ (3) പെച്ചോറാ (4) ആര്‍ക്ക്‌ ഏഞ്ചല്‍ (5) കറാഗാന്‍ഡ. ഈ അഞ്ചു ശൃംഖലകളിലാകെ 100-ലധികം ക്യാമ്പുകളാണ്‌ ഉണ്ടായിരുന്നത്‌. 1940 മുതല്‍ 1960 വരെയുള്ള രണ്ടു ദശകങ്ങളില്‍ സോവിയറ്റ്‌ സമ്പദ്‌വ്യവസ്ഥയില്‍ ഈ ക്യാമ്പുകളുടെ സംഭാവന നിര്‍ണായകമായിരുന്നു. 1941-ലെ സ്റ്റേറ്റ്‌ പ്ലാനില്‍ ആസൂത്രണം ചെയ്‌തിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ 17 ശതമാനം പൂര്‍ത്തിയാക്കേണ്ട ചുമതല NKVD-യെ ആണ്‌ ഏല്‌പിച്ചിരുന്നത്‌. അതായത്‌ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ തടവുകാരുടെ കഠിനാധ്വാനത്തിലൂടെ വ്യവസായോത്‌പാദനത്തിന്റെ 1.2 ശതമാനം പൂര്‍ത്തിയാക്കേണ്ട ചുമതലയും NKVD ക്കായിരുന്നു. തണുത്തുറഞ്ഞ പ്രദേശങ്ങളില്‍ ദിവസം മുഴുവന്‍ തൊഴില്‍ ചെയ്യേണ്ടിയിരുന്ന തടവുകാര്‍ക്കു വേണ്ടത്ര ഭക്ഷണമോ വസ്‌ത്രങ്ങളോ ജീവിതസൗകര്യങ്ങളോ നല്‌കിയിരുന്നില്ല. ഇതിന്റെ ഫലമായി 1953-ലും 1954-ലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പണിമുടക്കുകള്‍ ഉണ്ടായി; ലഹളകളും പൊട്ടിപ്പുറപ്പെട്ടു. 1956-ല്‍ സ്ഥിതിഗതികള്‍ കുറെ മെച്ചപ്പെട്ടു. 1956 ഒ. 25-ന്‌ GULAG-നെ GUITAK (Central Administration for Corrective Labour Camps) ആക്കി മാറ്റുകയുണ്ടായി. രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റു മാതൃകയെ അനുകരിച്ച്‌ മറ്റു കമ്യൂണിസ്റ്റു രാജ്യങ്ങളിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ നിലവില്‍വന്നു.

നാസി ക്യാമ്പുകളില്‍ അടയ്ക്കപ്പെട്ട സ്ത്രീകളും കുട്ടികളും

നാസി ക്യാമ്പുകള്‍. 1933-ല്‍ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയശേഷമാണു ജര്‍മനിയില്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കപ്പെട്ടത്‌. നാസി വിരുദ്ധരെയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി എന്നിവയുടെ നേതാക്കളെയും തടന്നലില്‍ പാര്‍പ്പിക്കുന്നതിനുവേണ്ടിയാണു നാസികളുടെ പ്രാദേശികനേതാക്കളും സ്റ്റേറ്റ്‌ പൊലീസും സ്റ്റോം ട്രൂപ്പേഴ്‌സും (SA) ഷുറ്റ്‌സ്‌ സ്റ്റാഫെല്‌ന്‍ എസ്‌. എസ്‌. (Schut-zstaffeln SS) എന്ന പേരില്‍ അറിയപ്പെടുന്ന ഹിറ്റ്‌ലറുടെ എലൈറ്റ്‌ ഗാര്‍ഡും ചേര്‍ന്നു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ആസൂത്രണം ചെയ്‌തത്‌. റൈഷ്‌സ്‌ മാര്‍ഷല്‍ ആയ ഹെര്‍മന്‍ ഗോറിങ്‌ ആയിരുന്നു ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനു നേതൃത്വം നല്‌കിയത്‌. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ അന്തേവാസികളില്‍ ഭൂരിഭാഗവും ജൂതന്മാരായിരുന്നു. 1939-ല്‍ ദഹാവു, സാക്‌സെന്‍, ഫ്‌ളോസ്‌സെന്‍ബുര്‍ഗ്‌, റാവെന്‍സ്‌ ബ്രൂക്ക്‌ എന്നിവിടങ്ങളിലായി ആറു ക്യാമ്പുകള്‍ ഉണ്ടായിരുന്നു. ഈ ക്യാമ്പുകളുടെ ചുമതല പിന്നീട്‌ ക്യാമ്പുകളുടെ സിരാകേന്ദ്രമായിരുന്ന ദഹാവു ക്യാമ്പില്‍ നിക്ഷിപ്‌തമായി. ക്യാമ്പുകളുടെ ചുമതല വഹിച്ചിരുന്നത്‌ ഹൈന്‌റിഷ്‌ ഹിമ്‌ലെര്‍ ആയിരുന്നു. ദഹാവു ക്യാമ്പിലെ ആദ്യ കമാന്‍ഡര്‍ ആയിരുന്ന തിയൊഡോര്‍ ഐക്കെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ആദ്യത്തെ ഇന്‍സ്‌പെക്‌ടര്‍ ആയും നിയമിതനായി.

രണ്ടാം ലോകയുദ്ധത്തിനു മുമ്പ്‌ ക്യാമ്പുകളില്‍ തടന്നലില്‍ പാര്‍പ്പിക്കുന്നതിനു രണ്ടു മാനദണ്ഡങ്ങളാണ്‌ ഉണ്ടായിരുന്നത്‌. കമ്യൂണിസ്റ്റുകാര്‍, സോഷ്യലിസ്റ്റുകള്‍, നാസി പാര്‍ട്ടിയില്‍നിന്നു പുറന്തള്ളപ്പെട്ടവര്‍, യഹോവാസാക്ഷികള്‍, പുരോഹിതവര്‍ഗത്തിന്റെ എതിരാളികള്‍, ജൂതന്മാര്‍ തുടങ്ങി രാഷ്‌ട്രത്തിന്റെ താത്‌പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നു എന്നു സംശയിക്കപ്പെടുന്നവരെ പാര്‍പ്പിക്കുന്നതിനുവേണ്ടിയുള്ള സുരക്ഷിതത്വ തടന്നലും ജിപ്‌സികള്‍, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, സ്വവര്‍ഗസംഭോഗികള്‍, പതിവു കുറ്റവാളികള്‍ എന്നിവര്‍ക്കായുള്ള പ്രതിരോധത്തടന്നലുമായിരുന്നു ഇവ.

നാസി ക്യാമ്പില്‍ കൊലചെയ്യപ്പെട്ടവരെ കൂട്ടത്തോടെ സംസ്കരിക്കുന്നു

1939 സെപ്‌തംബറില്‍ രണ്ടാം ലോകയുദ്ധത്തിനുമുമ്പ്‌ ക്യാമ്പുകളിലൊട്ടാകെ 21,000 തടവുകാരുണ്ടായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ സംഖ്യ വളരെ ഉയര്‍ന്നു. ചെറുക്കല്‍ പ്രസ്ഥാനങ്ങളിലെ അംഗങ്ങള്‍, നൈറ്റ്‌ ആന്‍ഡ്‌ഫോഗ്‌ എന്ന ഉത്തരവിലൂടെ ജര്‍മനി കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്നു തടന്നലിലാക്കപ്പെട്ടവര്‍, ജര്‍മന്‍ പോളിഷ്‌ ജയിലുകളിലെ കുറ്റവാളികള്‍, സോവിയറ്റ്‌ യുദ്ധത്തടവുകാര്‍ എന്നിവരാണ്‌ ഇക്കാലത്തു ക്യാമ്പുകളില്‍ എത്തിയത്‌. പോളിഷ്‌, യുക്രയ്‌നിയന്‍, റഷ്യന്‍ തൊഴിലാളികളെ നിര്‍ബന്ധിതത്തൊഴിലിനു വിധേയരാക്കി. ജൂതന്മാരെ ഗ്യാസ്‌ ചേംബറുകളില്‍ കൂട്ടക്കൊല നടത്തുകയും ചെയ്‌തു. തടവുകാരുടെ സംഖ്യ വര്‍ധിച്ചതനുസരിച്ചു ക്യാമ്പുകളുടെ എണ്ണവും കൂടിവന്നു. ക്യാമ്പുകളുടെ ഭരണച്ചുമതല വഹിക്കുന്നതിനു വിവിധ ഏജന്‍സികളുണ്ടായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം W V H A (എക്കണോമിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ മെയിന്‍ ആഫീസ്‌) ആയിരുന്നു. 1944 ആഗസ്റ്റിലെ കണക്കനുസരിച്ച്‌ ഈ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ 20 കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും 165 സാറ്റലൈറ്റ്‌ ലേബര്‍ ക്യാമ്പുകളിലുമായി 88,000 തടവുകാരുണ്ടായിരുന്നു. 1945-ആയപ്പോഴയ്‌ക്കും തടവുകാരുടെ എണ്ണം 7,14,000 ആയി ഉയര്‍ന്നു. മനുഷ്യത്വരഹിതമായ മര്‍ദനങ്ങളാണു ഇവിടെ തടവുകാര്‍ക്ക്‌ ഏല്‍ക്കേണ്ടിവന്നത്‌. ജോലിചെയ്യാന്‍ പ്രാപ്‌തരായവരെ മരണം വരെ ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. ക്യാമ്പുകളിലെ ജോലി, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, 'SS' വ്യവസായങ്ങള്‍ എന്നിവയിലും ഐ.ജി. ഫാര്‍ബെന്‍ കെമിക്കല്‍ കമ്പനി എന്ന സ്വകാര്യവ്യവസായ സ്ഥാപനത്തിലും തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ തടവുകാര്‍ക്ക്‌ ആവശ്യത്തിനു പാര്‍പ്പിട സൗകര്യങ്ങളോ മതിയായ ഭക്ഷണമോ നല്‌കിയിരുന്നില്ല. ആഹാരവും ഇന്ധനവും തികയാതെ വന്നതോടെ ആയിരക്കണക്കിനാളുകള്‍ രോഗികളായി. രോഗികളായവരെയും ആരോഗ്യം ക്ഷയിച്ചവരെയും അപ്പപ്പോള്‍ കൊന്നൊടുക്കി. ദഹാവു, ബുഹെന്‍വാള്‍ഡ്‌, അവുഷ്‌വിറ്റ്‌സ്‌ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ മാരകമായ വൈദ്യശാസ്‌ത്ര പരീക്ഷണങ്ങള്‍ക്കു തടവുകാരെയാണ്‌ വിധേയരാക്കിയിരുന്നത്‌. ജൂതന്മാരെ ഒന്നടങ്കം വകവരുത്തി ഒരു "മികച്ച ജനത'യെ വാര്‍ത്തെടുക്കുന്നതിനുള്ള നാസി പദ്ധതിയുടെ ഭാഗമായി കുട്ടികളും സ്‌ത്രീകളുമടക്കം ലക്ഷക്കണക്കിനു ജൂതന്മാരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൂട്ടക്കൊല ചെയ്‌തിരുന്നു. ഗ്യാസ്‌ ചേംബറുകളില്‍ ജൂതന്മാരെ കൂട്ടത്തോടെ കടത്തിവിട്ടും നിരത്തി നിര്‍ത്തി വെടിവെച്ചും വധിച്ചു. മൃതദേഹങ്ങള്‍ പ്രത്യേകം തയ്യാറാക്കപ്പെട്ട ശ്‌മശാനങ്ങളില്‍ കരിച്ചു കളയുകയായിരുന്നു പതിവ്‌. മൃതദേഹങ്ങളിലുള്ള വിലപിടിച്ച വസ്‌തുക്കള്‍ എടുത്തുമാറ്റാന്‍ അവര്‍ മറന്നിരുന്നില്ല. പല്ലുകള്‍ അടച്ചിരുന്ന സ്വര്‍ണം വരെ ഇളക്കി മാറ്റിയിരുന്നു.

അവുഷ്‌വിറ്റ്‌സ്‌, ട്രെബ്‌ളിങ്ക, ബെല്‍സെന്‍, സോബിബോര്‍ എന്നിവിടങ്ങളിലും പോളണ്ടിലെ ജര്‍മന്‍ അധിനിവേശപ്രദേശമായിരുന്ന ചെല്‍മ്‌നോ എന്ന പ്രദേശത്തും വച്ചാണ്‌ ജൂതന്മാരെ ഗ്യാസ്‌ ചേംബറുകളില്‍ കൂട്ടക്കൊല നടത്തിയത്‌. ലുബ്‌ലിന്‍ എന്ന സ്ഥലത്തു വച്ചും റുമേനിയയിലെ ക്യാമ്പുകളായ ബൊഗ്‌ദനോവ്‌ക, ദുമനോവ്‌ക, അക്‌മെസെത്‌ക എന്നിവിടങ്ങളില്‍ വച്ചുമാണ്‌ ജൂതന്മാരെ നിരത്തി നിര്‍ത്തി വെടിവച്ചുകൊന്നത്‌. നാസി ക്യാമ്പുകളില്‍വച്ച്‌ ഏതാണ്ട്‌ 40 ലക്ഷം പേര്‍ മൃതിയടഞ്ഞിട്ടുണ്ട്‌. ഇതില്‍ 30 ലക്ഷവും ജൂതന്മാരായിരുന്നു. അവുഷ്‌വിറ്റ്‌സ്‌ ക്യാമ്പില്‍ വച്ചു മാത്രം 25 ലക്ഷം ആളുകളെ കൂട്ടക്കൊല നടത്തിയിട്ടുണ്ടെന്നു ക്യാമ്പ്‌ കമാന്‍ഡന്റായിരുന്ന റുഡോള്‍ഫ്‌ ഹോയെസ്‌ കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌.

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്‌ നാസി മര്‍ദനമുറയുടെ പര്യായമായിത്തീര്‍ന്നിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍